ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു.

താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വിവരിച്ചു. പുതിയ സംസ്ഥാന സർക്കാരിന് തന്റെ സഹകരണവും മേൽനോട്ടവും ഉണ്ടാകും എന്നും നിതീഷ് വ്യക്തമാക്കി. ബീഹാറിനായി പ്രധാനമന്ത്രി ചെയ്യുന്ന കാര്യങ്ങൾക്ക് അദ്ദേഹത്തെ നന്ദി അറിയിക്കുന്നതായും രാജിവച്ചതിന് പിന്നാലെ നിതീഷ് പ്രതികരിച്ചു.

നിതിഷിന്റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. 57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എം എൽ എയാണ്.


