സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മകൾ വീണയുമായി ബന്ധപ്പെട്ട എക്സാലോജിക്‌സ് വിവാദവും, തുടർന്നുണ്ടായ ഇഡി, വിജിലൻസ് അന്വേഷണങ്ങളും പാർട്ടിക്ക് വലിയ തോതിൽ രാഷ്ട്രീയ പ്രതിരോധവും ക്ഷീണവും ഉണ്ടാക്കിയെന്ന് പാനൂരിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ തുറന്നടിച്ചു. പിണറായിക്കും മകൾക്കുമെതിരായ കേസ് പാർട്ടി ചർച്ച ചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

നേരത്തെ വി.എസ്. അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്‌ണൻ്റെയും മക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്ന ഘട്ടത്തിൽ പാർട്ടി അവരെ സംരക്ഷിക്കാനോ പരസ്യമായി പ്രതിരോധിക്കാനോ തയ്യാറായിരുന്നില്ലെന്ന കാര്യം പ്രതിനിധികൾ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ പിണറായി വിജയന്റെ മകളെ പാർട്ടി പരസ്യമായി ന്യായീകരിക്കുന്നതിലെ അനൗചിത്യവും ഇരട്ടത്താപ്പും യോഗത്തിൽ ചോദ്യം ചെയ്യപ്പെട്ടു. ഈ ചോദ്യം ചെയ്യൽ നേതൃത്വത്തെയും യോഗ അന്തരീക്ഷത്തെയും ചൂടുപിടിപ്പിച്ചു.

വിമർശനങ്ങളെത്തുടർന്ന് കടുത്ത അമർഷവും ക്ഷുഭിതതയും പ്രകടിപ്പിച്ചാണ് പിണറായി വിജയൻ മറുപടി പ്രസംഗം നടത്തിയത്. താൻ സംസാരിച്ച രണ്ടു മണിക്കൂറിൽ ഒരു മണിക്കൂറിലധികം സമയം മകൾക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും ന്യായീകരിക്കാനുമാണ് അദ്ദേഹം മാറ്റിവെച്ചത്. ലാവ്‌ലിൻ കേസ് മുതൽ നിലവിലെ വിജിലൻസ് അന്വേഷണം വരെയുള്ള കാര്യങ്ങൾ വിശദീകരിച്ച പിണറായി, തനിക്കെതിരെയുള്ള വിമർശനങ്ങൾ ആസൂത്രിതമാണെന്നും പാനൂരിൽ ഇപ്പൊഴും വിഭാഗീയത നിലനിൽക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *