കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടി സകല സാധ്യതകളും താൻ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി.

ബലിദാനികളുടെ ഫോട്ടോ വെച്ച് പാർട്ടി തന്നെ വേട്ടയാടി. ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്‌പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ഒരു ഉപാധികളുമില്ലാതെ, സാധാരണ പ്രവർത്തകനായാണ് ഞാൻ കോൺഗ്രസിൽ വരുന്നത്. ഇതുവരെ പറഞ്ഞത് എല്ലാം ബിജെപിയുടെ ആശയങ്ങളാണ്, എന്റെ വ്യക്തിപരമായ ആശയങ്ങളല്ല എന്നും സന്ദീപ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കൊപ്പം രാഹുൽ ഉഗ്രൻ വിജയം നേടുമെന്നുംപിക് ചർ അഭി ബാക്കി ഹേ എന്നും സന്ദീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *