സിക്ക് ലീവ് എടുക്കാൻ മാനേജർ പറഞ്ഞ നിബന്ധന കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ ലോകം. രോഗം വരുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് അവധി എടുക്കാനുള്ള സംവിധാനമായാണ് സിക്ക് ലീവ് തൊഴിലാളികൾക്ക് സ്‌ഥാപനങ്ങൾ നൽകുന്നത്. രോഗം വരുന്നത് മുൻകൂട്ടി അറിയിക്കാനുമാവില്ല.
എന്നാൽ സിക്ക് ലീവ് ചോദിച്ച ജീവനക്കാരനോട് ഏഴു ദിവസം മുന്നേ അറിയിക്കണമെന്നാണ് ഒരു മാനേജർ പറഞ്ഞത്. റെഡ്‌ഡിറ്റിലൂടെയാണ് മാനേജരുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ജീവനക്കാരൻ പങ്കുവച്ചത്. റെഡ്ഡിറ്റിന്റെ ആന്റിവർക്ക് ഫോറത്തിലൂടെയാണ് ജീവനക്കാരൻ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്.

ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ ഇന്ന് ഓഫീസിൽ വരാനാവില്ലെന്നുമാണ് ജീവനക്കാരൻ മാനേജരോട് പറഞ്ഞത്. ഇതിനു മറുപടിയായി സിക് ലീവോ കാഷ്വൽ ലീവോ എടുക്കണമെങ്കിൽ എഴു ദിവസം മുമ്പേ അറിയിക്കണമെന്ന് മാനേജർ റിപ്ലെ നൽകിയത്. എനിക്ക് അസുഖം വരാൻ പോവുകയാണെന്നു ഏഴു ദിവസം മുമ്പേ എങ്ങനെയാണ് ഞാൻ അറിയുന്നത് എന്നാണ് സ്ക്രീൻ ഷോട്ട് പങ്കുവച്ച് ജീവനക്കാരൻ കുറിച്ചത്.
അമ്പരപ്പോടെയാണ് പലരും പോസ്റ്റിനോടു പ്രതികരിച്ചത്. ഏഴു ദിവസം കഴിഞ്ഞാൽ അസുഖം വരാൻ സാധ്യതയുണ്ട് എന്ന് എല്ലാ ദിവസവും മെയ് ൽ ചെയ്യൂ, എത്ര നാൾ നീളുമെന്ന് നോക്കാം എന്നാണ് ഒരാൾ കമൻ്റ് ചെയ്‌തത്. മറ്റൊരാൾ സ്വന്തം അനുഭവം തന്നെയാണ് കുറിച്ചത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യവേ താൻ പടവിൽ നിന്നും വീണ് മുട്ടിന് പരുക്ക് പറ്റിയെന്നും ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലായിരുന്ന താൻ സിക് ലീവ് ചോദിക്കുകയും ചെയ്തുവെന്നും കമൻ ചെയ്ത ആൾ പറഞ്ഞു.
എന്നാൽ എങ്ങനെയെങ്കിലും ജോലി ചെയ്യണമെന്നും സിക് ലീവ് എടുക്കുകയാണെങ്കിൽ രാവിലെ എട്ടു മണിക്ക് മുമ്പ് ചോദിക്കുകയും ചെയ്യണമെന്നുമാണ് മറുപടി നൽകിയത്. ഏടുത്ത തവണ വീഴുന്ന സമയം താൻ ഷെഡ്യൂൾ ചെയ്ത് വെക്കാമെന്ന് പറഞ്ഞാണ് ഇദ്ദേഹം കമന്റ് അവസാനിപ്പിച്ചത്.


