കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തെക്കുറിച്ചും അപകടത്തിന് മുമ്പ് മദ്യപിച്ചതിനെക്കുറിച്ചും സുഹൃത്തിനോട് വിവരിക്കുന്ന ശബ്ദസന്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സുഹൃത്ത് നിർദേശിച്ചതായും സന്ദേശത്തിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രതികളിലൊരാൾ സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ അപകടത്തിന്റെ സാഹചര്യങ്ങളും അതിന്റെ വ്യാപ്തിയും മദ്യപിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും പരാമർശിക്കുന്നുണ്ട്. സന്ദേശത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

അപകടത്തിന് പിന്നാലെ ഒന്നാം പ്രതി സുഹൈൽ സജീവ് ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് അറിയിച്ചു. ശബ്ദസന്ദേശം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സുഹൈൽ ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.

അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് സാക്ഷികളെ തിരിച്ചറിഞ്ഞ് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും. അപകടസമയത്ത് സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമാകാൻ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലും കൂടുതൽ തെളിവെടുപ്പുകളും പൂർത്തിയാക്കാനുണ്ടെന്നും സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്നലിനു സമീപം അപകടമുണ്ടായത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. അപകടത്തിനുശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


