കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ 26-ാം മൈലിൽ പുതിയപാലം നിർമിക്കുന്നതിന് പദ്ധതി തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചശേഷം ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡിലെ വീതിയും സ്ഥലത്തിന്റെ ലഭ്യതയും അനുസരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻപ് ഇരുവശത്തുകൂടിയുള്ള നടപ്പാതയടക്കമുള്ള പാലത്തിനാണ് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്.

എന്നാൽ, സ്ഥലമേറ്റെടുക്കൽ നടപടികളടക്കം വേണ്ടിവരികയും നിർമാണം വൈകാൻ കാരണമാകുകയും ചെയ്യുമെന്ന സാഹചര്യത്തിലാണ് നിലവിലെ സ്ഥലത്ത് പാലം നിർമിക്കുന്നത്. 9.75 മീറ്റർ വീതിയിലും 22.9 മീറ്റർ നീളത്തിലുമാണിത്. 7.50 മീറ്റർ വീതി റോഡിനായി മാത്രം ലഭിക്കും. ഒരുവശത്ത് കൂടി മാത്രമാകും നടപ്പാത നിർമിക്കുക. 2.90 കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുന്നത്.


