തന്റെ പേര് മാറ്റുകയാണെന്ന് വെളിപ്പെടുത്തി ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി അലോഷ്യസ്.Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. നടൻ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്നാണ് വിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേര് മാറ്റിയിട്ടുണ്ട്.
ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്, ഇപ്പോൾ മമ്മൂട്ടിയും അങ്ങനെ വിളിച്ചു. ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് താരത്തിന്റെ പോസ്റ്റ്. മമ്മൂട്ടിയുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവെച്ചു.
‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അത്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ വിൻസി കുറിച്ചു.