അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനെയാണ് (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം. വീടിനുള്ളിലെ സ്റ്റെയര്‍കെയ്‌സിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷെഹനയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെഹനയുടെ വീട്ടില്‍നിന്ന് ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭ കൗണ്‍സിലര്‍ നസ്മല്‍ കാവിളയെ വിവരം അറിയിച്ചു. നസ്മല്‍ വീട്ടിലെത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഹെനയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. കൗണ്‍സിലര്‍ നസ്മല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളേറ്റിട്ടുണ്ട്. രക്തപാടുകളുമുണ്ടായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന, ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഷെഹന കുളനടയിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയാണ്.ഷെഹനയുടേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഒരു കുട്ടിയുള്ള അവള്‍ അതു ചെയ്യില്ലെന്നും ഷെഹനയുടെ അമ്മ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീട്ടില്‍ വഴക്കുകളുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *