കാഞ്ഞിരപ്പള്ളി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ സംബന്ധിച്ച് കുറച്ചധികം പ്രത്യേകതകളുള്ളത്. കേന്ദ്രമന്ത്രിമാര്‍ ആയിരുന്നവര്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും എന്‍ഡിഎയ്‌ക്കായി നിയമസഭ സ്ഥാനാര്‍ഥിയാവുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു. കേന്ദ്രമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം കേവലം രണ്ട് വര്‍ഷത്തെ മാത്രം ഇടവേളയിലായിരുന്നു നിയമസഭയിലേക്ക് അദേഹത്തിന്‍റെ സ്ഥാനാര്‍ഥിത്വം. ഇക്കുറി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് കൂടിയായ ഡോ. എന്‍. ജയരാജാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥി. മണ്ഡലം നിലനിര്‍ത്താന്‍ ജയരാജ് ഇറങ്ങുമ്പോള്‍ യുഡിഎഫ് പ്രൊഫ. റോണി കെ. ബേബിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനാണ് കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയില്‍ വോട്ട് തേടുമ്പോള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്‍. ഭരണവിരുദ്ധ തരംഗം വോട്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ. ബേബി പ്രതീക്ഷിക്കുന്നു.

2021-ല്‍ എല്‍ഡിഎഫിലെ എന്‍. ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് ജയം നേടുകയായിരുന്നു. കോണ്‍ഗ്രസിലെ ജോസഫ് വാഴയ്‌ക്കനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍. ജയരാജ് 60,299 ഉം ജോസഫ് വാഴയ്‌ക്കന്‍ 46,596 ഉം വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ അല്‍ഫോന്‍സ് കണ്ണന്താനം 29,157 വോട്ടുകളാണ് പിടിച്ചത്. ഇത്തവണ ഏറ്റുമാനൂരില്‍ മുതിര്‍ന്ന നേതാവായ ജോസഫ് വാഴയ്‌ക്കന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പോസ്റ്ററുകളും ഫ്ലക്‌സുകളും അടിച്ചിരുന്നെങ്കിലും മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചിരുന്നില്ല.

കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല ഗ്രാമ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ ഗ്രാമ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തും ചേരുന്നതാണ് കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലം. കഴിഞ്ഞ മൂന്ന് നിയസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തേരോട്ടമാണ് കാഞ്ഞിരപ്പള്ളിയില്‍ കണ്ടതെങ്കില്‍ 2006-ല്‍ അല്‍ഫോന്‍സ് കണ്ണന്താനം ഇടത് സ്വതന്ത്രനായി ജയിച്ച ചരിത്രവും കാഞ്ഞിരപ്പള്ളിക്കുണ്ട്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 9,800 വോട്ടുകളുടെ ലീഡ് യുഡിഎഫിനായിരുന്നു. ക്രൈസ്‌തവ, ഈഴവ സാമുദായിക ഘടകങ്ങള്‍ നിര്‍ണായകമാകുന്ന മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. റബ്ബര്‍ വിലത്തകര്‍ച്ച കാഞ്ഞിരപ്പള്ളിയില്‍ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

You missed