കൊച്ചി: രോഗി സുരക്ഷ ബോധവത്കരണത്തിന്‍റെ അനിവാര്യത ചർച്ച ചെയ്ത് വി.പി.എസ് ലേക്‌ഷോറിൽ പേഷ്യന്‍റ് സേഫ്റ്റി ഡേ ആചരിച്ചു. മുതിർന്ന ഹോസ്പിറ്റൽ ക്വാളിറ്റി വിദഗ്ധൻ ഡോ. കെ. കാർത്തികേയ വർമ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കി രോഗമുക്തി നൽകാനാകുകയെന്ന ലക്ഷ്യമാണ് ആശുപത്രിയിലെ ഓരോരുത്തരെയും ചേർത്തുനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനയിൽ പകുതിയിലധികവും പരിശോധിക്കപ്പെടുക സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ലേക്‌ഷോറിലെ ക്വാളിറ്റിയെക്കുറിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും മാത്രമല്ല, കുടുംബാംഗങ്ങൾ വരെ ഉൾപ്പെടുന്ന വിപുലമായ പ്രവർത്തനങ്ങളാണ് അതിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷയെന്നത് തുടർച്ചയായി നടന്നുകൊണ്ടേയിരിക്കേണ്ട ഒരു പ്രക്രിയയാണെന്ന് വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സർവിസസ് ഡയറക്ടർ ഡോ. എച്ച്. രമേഷ് വ്യക്തമാക്കി. രോഗിയും ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ബന്ധപ്പെടുന്ന ഓരോ വ്യക്തികളും ഇതിന്‍റെ ഭാഗമാണ്. ഈ സുരക്ഷ ചങ്ങലയുടെ കണ്ണികൾ മുറിയാതെ കൊണ്ടുപോകുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് സി.ഇ.ഓ അഭിഷേക് പൊഡുരി, ഗ്രൂപ്പ് സി.ഓ.ഓ ലക്ഷ്മൺ സേതുരാമൻ, സി.ഇ.ഓ ജയേഷ് വി. നായർ എന്നിവർ പങ്കെടുത്തു. പേഷ്യന്‍റ് സേഫ്റ്റി ഓഫിസർ ഡോ. വിവേക് മാത്യു സ്വാഗതവും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി മാനേജർ റൂബിൻ എസ്. റോഡ്രിഗസ് നന്ദിയും പറഞ്ഞു. രോഗി സുരക്ഷ ദിനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജീവൻരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികൾ നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *