മുണ്ടക്കയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം കൂട്ടിക്കലിലെ ‘ഓർക്കിഡ് ട്രാവൽ ഏജൻസി’ ഉടമ മുങ്ങിയതായി പരാതി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിസയോ കൊടുത്ത പണമോ തിരികെ ലഭിക്കാതെ നിരവധി ഉദ്യോഗാർത്ഥികൾ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥാപനം പൂർണ്ണമായും അടച്ചിട്ട നിലയിലാണ്.

പണം നഷ്ടപ്പെട്ട വിവരമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടുന്നത്. ഉടമയെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ഇരയായവർ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം, ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ ഉദ്യോഗാർത്ഥികളാണ് തട്ടിപ്പിനിരയായത്. കൂട്ടിക്കലിലെ ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും ഇതിൽ ഉൾപ്പെടുന്നു.

മുൻപും ഈ സ്ഥാപനത്തിനെതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നെങ്കിലും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീർക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്. അതിനിടെ, മുങ്ങിയ ട്രാവൽ ഏജൻസി ഉടമയെ കോഴിക്കോട് നിന്നും പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.


