തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ ഇന്ന്. രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ് യുഡിഎഫും എൽഡിഎഫും. 126 സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി. വൈദ്യുതി നിയന്ത്രണം, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് എൽഡിഎഫ് പ്രചാരണത്തിൽ ഉയർത്തിയത്.
പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന, വികസന പദ്ധതികൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. 38 വാർഡുകളിലെ ഫലം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നേരിട്ട് മാറ്റമുണ്ടാക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ജനവിധി എന്ന നിലയിൽ മുന്നണികൾ ഫലത്തെ വിലയിരുത്തും.
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവടങ്ങളിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടന്നത്.
ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടിപിയുമാണ് മത്സരിച്ചത്. ബിജെപിക്കായി കെ ജിജിയും രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി. കുറ്റിച്ചിറയിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി എട്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

