പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനടുത്തുള്ള ഷെഡിന് ആണ് ഇന്നലെ രാത്രി അജ്ഞാതർ തീയിട്ടത്. ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ മുൻ എം എൽ എ മധുസൂദനൻ ആണെന്നാണ് പുരുഷോത്തമന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെമ്മീൻ കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ഷെഡിൽ സ്ഫോടനം നടന്നതായാണ് പുരുഷോത്തമൻ പറയുന്നത്. ഷെഡിന്റെ ജനലുൾപ്പെടെ തെറിച്ചു പോയിട്ടുണ്ട്. സാധാരണ തീപിടുത്തം ഉണ്ടായാൽ ഇങ്ങനെ സംഭവിക്കില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി തനിക്ക് വധ ഭീഷണി സന്ദേശം ലഭിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞു.
നേരത്തെ, വി കുഞ്ഞികൃഷ്ണന് അനുകൂലിച്ചതിന്റെ പേരിൽ ടി പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കത്തിക്കാന്‍ അജ്ഞാതർ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റ് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി പുരുഷോത്തമന്‍. നേരത്തെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടി പുരുഷോത്തമന്‍ വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *