തിരുവനന്തപുരം: പാലോട് സിഎച്ച്‌സിയില്‍ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. പവര്‍കട്ടുണ്ടെങ്കില്‍ സര്‍ജറി നടത്തരുത്. അതിന് ശേഷം നടത്തണം. ആശുപത്രിയില്‍ ജനറേറ്റര്‍ വര്‍ക്ക് ചെയ്യുന്നില്ല എന്നത് നേരത്തെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഡിഎച്ച്എസിനോട് ഇക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണ്ടി വന്നു. അത് വൈദ്യുതി മന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കൊണ്ട് ആശുപത്രിയിലെ കാര്യങ്ങള്‍ മുടങ്ങാന്‍ പാടില്ല. പവര്‍ക്കട്ട് ഉണ്ടെങ്കില്‍ സര്‍ജറി നടത്തരുത്. പവര്‍ക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സര്‍ജറി നടത്താമല്ലോ. അല്ലെങ്കില്‍ ആശുപത്രിയില്‍ ജനറേറ്റര്‍ വാങ്ങി വെക്കണം. ഇത് രണ്ടും ചെയ്യാതെ അലംഭാവം കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും’ -മന്ത്രി പറഞ്ഞു.

ആശുപത്രിയില്‍ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈല്‍ വെളിച്ചത്തില്‍ ചികിത്സ നടത്തിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‌സിയില്‍ എത്തിയത്. എന്നാല്‍ ആശുപത്രിയില്‍ കറണ്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് രോഗിക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈല്‍ ഫോണ്‍ വെളിച്ചം തെളിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു. ആശുപത്രിയിലെ ജനറേറ്റര്‍ കുറച്ചുദിവസമായി പ്രവര്‍ത്തനരഹിതമാണെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *