തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല്‍ വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല്‍ ക്ലോസ് ചെയ്ത്, റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ് സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പ് രൂപമാറ്റം വരുത്തി ബ്രൂണെയില്‍ ജീവിക്കുന്നുവെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ള ചിത്രത്തില്‍ കാണുന്നത് തൃശൂര്‍ സ്വദേശിയാണെന്ന സൂചനയും വരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം നടത്തിയേക്കും. 1984ല്‍ സുകുമാരക്കുറുപ്പ് പ്രതിയായ കേസ് രജിസ്റ്റര്‍ ചെയ്ത കാലം മുതല്‍ ഇത്തരത്തിലുള്ള പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. സമീപകാലത്ത് സുകുമാരക്കുറുപ്പിനെ പലയിടത്തും കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനോ സ്ഥിരീകരിക്കാനോ കഴിഞ്ഞിട്ടില്ല.പേരുമാറ്റി ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായോ മലയാളികളുമായോ പരമാവധി അകലം പാലിച്ച് ഒറ്റപ്പെട്ട് താമസിക്കുന്നതായാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള മലയാളിയായ ഒരാളുടെ 2023ലെ ചിത്രവും പുറത്തുവന്നു. ഒരു സൈബര്‍ വിദഗ്ദന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചിത്രമായ പേരാണ് ഇയാള്‍ ഉപയോഗിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ ഇപ്പോഴും നാട്ടിലുള്ളവരുമായി ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന് കണ്ടെത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.


