കാഞ്ഞിരപ്പള്ളി: പണിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ഇടക്കുന്നം വഞ്ചിമല വീട്ടിൽ രാജു കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിന് എതിർവശത്തുള്ള വർഗീസിന്റെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിന് പാമ്പുകടിയേറ്റത്.

പാമ്പുകടിയേറ്റ ഉടൻ സമീപവാസികളും സഹപ്രവർത്തകരും ചേർന്ന് രാജുവിനെ കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അറിയുന്നു. സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


