കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നെയ്യ് ഇടപാട് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.
കേസെടുത്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. ഇതിനിടെ, അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷിക്കുന്നതില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17A പ്രകാരമുള്ള മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ ഓഗസ്റ്റ് 2 ലെ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണം. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ വെളിപ്പെടുത്തരുത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

