ഡൽഹി: ചരിത്രത്തിലാദ്യമായി കോൺ​ഗ്രസിന് വോട്ടു ചെയ്യാതെ ​ഗാന്ധികുടുംബം. ആം ആദ്മി പാർട്ടിക്കാണ് ഇത്തവണ സോണിയാ ​ഗാന്ധിയും രാഹുലും വോട്ട് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ ഇൻഡ്യ സഖ്യം രൂപീകരിച്ചതോടെയാണ് കോൺ​ഗ്രസ് എഎപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക എന്ന സവിശേഷ സ്ഥിതിയുണ്ടായത്. ഡൽഹിയിൽ സോമനാഥ് ഭാരതിക്കാണ് രാഹുലും സോണിയയും വോട്ട് ചെയ്തത്. ബിജെപിയുടെ ബാൻസുരി സ്വരാജ് ആണ് ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി.

സോണിയയും രാഹുലും ഒന്നിച്ചാണ് നിർമ്മാൺ ഭവനിലെ പോളിം​ഗ് ബൂത്തിലെത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തെത്തിയ ഇരുവരും ചേർന്ന് സെൽഫിയെടുക്കുകയും ചെയ്തു. ‘ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിലേക്ക് ഞാനും അമ്മയും വോട്ടുകൾ രേഖപ്പെടുത്തി സംഭാവന ചെയ്തു. എല്ലാവരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിങ്ങളുടെ അവകാശങ്ങൾക്കും കുടുംബത്തിന്റെ ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തണം’- ഡൽഹിയിലെ വോട്ടർമാരോട് രാഹുൽ പറഞ്ഞു. വോട്ട് ചെയ്ത ശേഷമുള്ള സെൽഫി പങ്കുവച്ചാണ് രാഹുൽ എക്സിൽ ഹിന്ദിയിൽ കുറിപ്പ് പങ്കുവച്ചത്.

രാഹുലിന്റെ സഹോദരി പ്രിയങ്കാ ​ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മക്കളും രാവിലെ തന്നെ ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ട് രേഖപ്പെടുത്താനെത്തണമെന്നും ഇന്‍ഡ്യ മുന്നണിക്ക് അവസരം നല്‍കണമെന്നും റോബര്‍ട്ട് വദ്ര അഭ്യർത്ഥിച്ചു. ഇന്‍ഡ്യ മുന്നണി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി മുഖമായി തിരഞ്ഞെടുത്തുവെന്നാണ് അറിവെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രിയങ്കാ ​ഗാന്ധി പറഞ്ഞു. റെയ്ഹാന്‍ വദ്രയും മിരയ വദ്രയും ഡല്‍ഹിയിലെ ലോധി എസ്‌റ്റേറ്റ് പോളിങ്ങ് ബൂത്തിലെത്തിയാണ് കന്നിവോട്ട് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *