ആലപ്പുഴ: 72ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് അരോമ ചുണ്ടന്. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് അരോമയുടെ കിരീട നേട്ടം.
മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന് വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്. ആദ്യ ഹീറ്റ്സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ചുണ്ടന് ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്.
മൂന്നാം ഹീറ്റ്സില്‍ മേല്‍പ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സില്‍ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കന്‍ഡും എടുത്താണ് പൂര്‍ത്തിയായത്. അഞ്ചാം ഹീറ്റ്സില്‍ നിരണവും ആറാം ഹീറ്റ്സില്‍ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കന്‍ഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോള്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.
ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശന് ഉദ്ഘാടനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയര്‍ത്തിയത്.


