കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പാതിവഴിയിൽ നിലച്ച ബൈപ്പാസ് നിർമാണം പുനരാരംഭിക്കുന്നു. പുതിയ കരാറുകാരൻ പണി ഏറ്റെടുത്തതായും രണ്ടാഴ്ചയ്ക്കുള്ളിൽ കരാർ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും ഡോ. എൻ ജയരാജ് എംഎൽഎ അറിയിച്ചു. നിലവിൽ ബൈപ്പാസ് നിർമാണത്തിന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ നിർമാണം ആരംഭിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

ഉഴവൂർ കേന്ദ്രീകരിച്ചുള്ള തെരുവത്ത് കൺസ്ട്രക്ഷൻസ് 36 കോടി രൂപയ്ക്കാണ് കരാറെടുത്തിരിക്കുന്നത്. പുതിയ കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ സൈറ്റിൽ എത്തിയിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. നിലവിൽ നടക്കുന്ന പ്രാഥമിക കാര്യങ്ങൾ പൂർത്തിയായ ഉടൻതന്നെ നിർമാണം ആരംഭിക്കും. ആദ്യഘട്ടത്തിൽ പാലത്തിൻ്റെ മുഴുവൻ തൂണുകളും നിർമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം റോഡ് നിർമാണവും നടത്താനാണ് കരാറുകാരുടെ തീരുമാനം.

കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ തന്നെ പാലത്തിൻ്റെ തൂണുകൾ പൂർത്തീകരിക്കും. ഇതോടെ പ്രധാന ഘട്ടം പൂർത്തിയാകും. ഒരു വർഷത്തിന് മുൻപ് തന്നെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കരാറുകാർ പ്രതീക്ഷിക്കുന്നതെന്നും എൻ ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി നിവാസികളുടെയും എൻ ജയരാജ് എംഎൽഎയുടെയും സ്വപ്ന പദ്ധതിയാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസ് . നിർമാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്.

