കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ടവറിന്റെ അവശിഷ്ടങ്ങൾ രണ്ടാം പ്ലാറ്റ്ഫോമിലേക്കും ട്രാക്കിലേക്കുമാണ് പതിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നെങ്കിലും, ടവർ വീണ ഭാഗത്ത് യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പ്ലാറ്റ്ഫോമിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
കാലപ്പഴക്കം ചെന്ന കെട്ടിടം കനത്തമഴയെ തുടർന്നാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിയതിനാൽ ഒന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലെ വൈദ്യുതി വിതരണം താൽക്കാലികമായി വിച്ഛേദിച്ചു.
അവശിഷ്ടങ്ങൾ നീക്കം ചെയ്ത് സുരക്ഷ ഉറപ്പാക്കിയ ശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ അറിയിച്ചു.

