കൊച്ചി: “ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം പലതവണ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മാത്രമല്ല, കോടതി ഉത്തരവുകൾ പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിയും വരും. ഇനിമുതൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിശ്ചിത ഉദ്യോഗസ്ഥർ നേരിട്ട് ഹർജി സമർപ്പിക്കണം. അല്ലാതെ ഹൈക്കോടതിയിൽ ഹർജി നൽകാൻ ക്ലർക്കിനെയോ പ്യൂണിനെയോ ചുമതലപ്പെടുത്തരുത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തും” – കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിലെ അനാസ്ഥ ചൂണ്ടിക്കാട്ടി സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നൽകിയ താക്കീതാണിത്.

ഡിജിപിഎസ് ശ്രീജിത്ത് ഐപിഎസിനെതിരായ പരാതിയിൽ മുൻ ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന് മുൻപാകെ ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം നേരിട്ട് ഹാജരായപ്പോഴാണ് കോടതിയുടെ രൂക്ഷവിമർശനം. ശ്രീജിത്തിനെതിരെ നിലവിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

ഇന്ന് കോടതിയിൽ നേരിട്ടെത്തിയ അഡീഷണൽ ചീഫ് സെക്രട്ടറി, കോടതി നിർദ്ദേശം പാലിച്ച് നടപടികൾ പൂർത്തിയാക്കിയെന്നും ശ്രീജിത്തിനെതിരെ നിലവിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് കണ്ടെത്തിയതായും വ്യക്തമാക്കി. ഇതോടെ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പരാതിക്കാരന് നിയമപരമായ മാർഗ്ഗങ്ങളിലൂടെ തുടർനടപടികൾ സ്വീകരിക്കാമെന്ന വ്യവസ്ഥയോടെ കോടതി ഹർജി തീർപ്പാക്കി.


