കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരവും 2023-24 സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ്ബ് വിട്ടു. സാമൂഹിക മാധ്യമം വഴിയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ക്ലബിലെ രണ്ടുവർഷത്തെ സേവനം അവസാനിപ്പിച്ച താരം ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയറിയിച്ചു.
‘നിർഭാഗ്യവശാൽ മികച്ച സാഹസികതകളും അനുഭവങ്ങളും കൊണ്ട് വിസ്മയം നിറഞ്ഞ, കേരളത്തോടൊപ്പമുള്ള രണ്ട് വർഷങ്ങൾ അവസാനിക്കുന്നു. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചുകഴിഞ്ഞ നിമിഷങ്ങൾ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനാവില്ല. ആദ്യ ദിവസംമുതൽ തുടർച്ചയായി ആരാധകരിൽനിന്ന് ലഭിച്ച സ്നേഹവും പിന്തുണയും അവിശ്വസനീയമാണ്. ആരാധകർക്ക് നന്ദി. ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും. നിങ്ങൾക്ക് ആശംസകൾ’, ഡയമന്റക്കോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2023-24 സീസണിൽ ഡയമന്റക്കോസും ഒഡിഷ എഫ്.സി.യുടെ റോയ് കൃഷ്ണയും 13 വീതം ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതൽ ഗോളുകൾ ഇരുവരുടെയും പേരിലാണ്. എന്നാലും കുറഞ്ഞ മത്സരങ്ങളുടെ കണക്കിൽ ഡയമന്റക്കോസിന് മുന്നിലായതിനാൽ ഗോൾഡൻ ബൂട്ട് അദ്ദേഹം സ്വന്തമാക്കി. 17 മത്സരങ്ങളിൽനിന്നാണ് 13 ഗോൾ സമ്പാദ്യം. മൂന്ന് അസിസ്റ്റുകളും ഗ്രീക്ക് മുന്നേറ്റതാരത്തിന്റെ പേരിലുണ്ട്.

