കാഞ്ഞിരപ്പള്ളി : കുന്നുംഭാഗം ഗവ.സ്കൂളിൽ നിർമിക്കുന്ന സ്പോർട്സ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ മൈതാനം നിരപ്പാക്കുന്ന ജോലികളും ഗാലറിയുടെ നിർമാണ പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. ഒൻപത് പടികളായിട്ടുള്ള ഇരിപ്പിടങ്ങളാണ് ഗാലറിയിൽ നിർമിക്കുന്നത്.

ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. നേരത്തെ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. കിഫ്ബി മുഖേന 27.70 കോടി ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കിഫ്ബിയുടെ സ്പോർട്സ് പ്രവർത്തികൾക്കായുള്ള സ്പെഷ്യൽ ഏജൻസിയായ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ ചുമതല. കേരളത്തിലെ അഞ്ചാമത്തെ സ്പോർട്സ് സ്കൂളായ ഇവിടെ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമൊരുക്കും. മലയോര മേഖലയിലെ പുതിയ കായിക താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് സ്പോർട്സ് സ്കൂൾ.

സ്പോർട്സ് സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ സിന്തറ്റിക് ടർഫ്, സ്പോർട്സ് സ്കൂളിലെ കുട്ടികൾക്കും കോച്ചുമാർക്കുമുള്ള ഹോസ്റ്റലുകൾ, മൾട്ടിപ്പർപ്പസ് ഇൻഡോർ കോർട്ട്, കോംബാറ്റ് സ്പോർട്സ് ബിൽഡിങ്, ഭിന്നശേഷി സൗഹൃദ സ്പോർട്സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


