കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേടുകളും പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികളും നടത്തിയെന്ന ആരോപണം ഉയർന്നതോടെ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികന് ശുശ്രൂഷാ വിലക്ക്. വൈദികവൃത്തി സ്വീകരിച്ച ഇരട്ടകൾ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാൾക്കെതിരെയാണ് ഇപ്പോൾ സഭായുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായിയിരുക്കുന്നത്. ഫാ. വർഗീസ് പെഴുംകാട്ടിലിനെതിരെ ഇടവകയ്ക്ക് ഉള്ളിൽ നിന്നും സാമൂഹ്യമാധ്യമങ്ങൾ വഴിയും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടി എടുത്തിരിക്കുന്നത്.
അജോ എന്ന പേരിൽ അറിയപ്പെടുന്ന ഫാ. വർഗീസ് പെഴുംകാട്ടിലിനെ വിശുദ്ധ പൗരോഹിത്യ ഉത്തരവുകളും വിശുദ്ധ ശുശ്രൂഷകളും നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലികമായി വിലക്കിക്കൊണ്ട് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റമാണ് ഉത്തരവിട്ടത്. മേലിൽ ഉത്തരവ് ഉണ്ടാകുന്നത് വരെ ദിവ്യബലി അർപ്പിക്കുന്നതിനോ കൂദാശകൾ നൽകുന്നതിനോ മറ്റ് പൗരോഹിത്യ ശുശ്രൂഷകൾ ചെയ്യുന്നതിനോ അദ്ദേഹത്തിന് അനുവാദമില്ല. സഭയുടെ സഹായത്തോടെ പഠിച്ചു വളർന്ന് വൈദികൻ പൗരോഹിത്യത്തിന്റെ വിശുദ്ധിയെ കാറ്റിൽപ്പറത്തി ധനസമ്പാദനവും തട്ടിപ്പും നടത്തിയെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഫാ. വർഗീസ് പെഴുംകാട്ടിലിനും ഇരട്ട സഹോദരനെതിരെയും ആരോപണം ഉയർന്നിരുന്നു.
സഭയുടെ സ്ഥാപനങ്ങളുടെ പണം സഭ അറിയാതെ വകമാറ്റി എന്നത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. വാഗമൺ മേഖലയിൽ ബിനാമി പേരിൽ റിസോർട്ടുകളും ആഡംബര വസ്തുക്കളും വാങ്ങിയതായും അടക്കം ആരോപണം ഉന്നയിക്കുന്നുണ്ട്. കൂടാതെ, കുട്ടിക്കാനം മരിയൻ കോളേജിൽ മാനേജ്മെന്റിനെ കബളിപ്പിച്ചു എൻ.ആർ.ഐ സീറ്റുകളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ വാങ്ങിക്കൂട്ടിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലും ഫണ്ടുകൾ തിരിമറി നടത്തിയെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ വസ്തുത മാനേജ്മെന്റ് പരിശോധിച്ചുവരികയാണ്. സ്ഥാപനങ്ങളിൽ ഒപ്പം ജോലി ചെയ്തിരുന്ന ജീവനക്കാരികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗികമായി ചൂഷണം നടത്തിയെന്ന് പോലും ആരോപണം ഉയർന്നിട്ടുണ്ട്. ഇതെല്ലാം സമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പുറത്തുവന്നതും വിവാദമായി മാറിയതും.
സംഭവം സംഭവം വിവാദമായി മാറിയോടെയാണ് രൂപത ഫാ. വർഗീസ് പെഴുംകാട്ടിലിനെതിരെ താത്ക്കാലിക സസ്പെൻഷൻ ഉത്തരവിറക്കിയത്. അതേസമയം സഭാ നടപടികൾക്ക് പുറമേ നിയമ നടപടികളിലേക്ക് കടക്കണമെന്ന ആവശ്യവും സഭയ്ക്കുള്ളിൽ ഉയരുന്നുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക നടപടി സ്വീകരിച്ചതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കനും പ്രതികരിച്ചു. സഭയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ വൈദികർ ഇടപെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു രൂപപോലും സഭയ്ക്ക് നഷ്ടമായിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവൈദികർക്കുമെതിരെ ഉയർന്ന ആരോപണങ്ങൾ സഭയുടെ ശ്രദ്ധയിൽ പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. ഇക്കാര്യത്തിൽ തുടർന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് മാർ ജോസ് പുളിക്കൻ വ്യക്തമാക്കി.


