നെടുമ്പാശ്ശേരി: മിനി കൂപ്പർ വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഇന്ന് തന്നെ ജാമ്യം നൽകുമെന്നും സുഹൈൽ സജീവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി തീരുമാനം.

അതേസമയം നെടുമ്പാശേരി മിനി കൂപ്പർ അപകടം ദൗർഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. എല്ലാ തെളിവുകളും ശേഖരിച്ചല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പൊതുബോധത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ല, നിയമവും നടപടിക്രമങ്ങളും നോക്കിയാണ് തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം തെളിവ് ഇനിയും ശേഖരിക്കാനുണ്ടെന്നും രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.

മിനി കൂപ്പർ വാഹനാപകടത്തിൽ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇഡിആർ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും, വാഹനം 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡ് കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *