കാഞ്ഞിരപ്പള്ളി: അപകടങ്ങൾ വരുമ്പോൾ സഹായത്തിനായി ഓടിയെത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അസൗകര്യങ്ങളുടെ നടുവിൽ. കഴിഞ്ഞ 34 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികള്‍ക്കുള്ളിലാണ് ഫയർ സ്റ്റേഷന്‍റെ പ്രവർത്തനം.

വേനല്‍ കടുത്തതോടെ ജല ദൗർലഭ്യവും ഇവരെ ഏറെ ദുരിതത്തിലാക്കുന്നു. സാധാരണ സ്റ്റേഷനില്‍ നിന്നും മൂന്നുകിലോമീറ്റർ അടുത്ത് മണ്ണാറക്കയത്തു ചിറ്റാർപുഴയില്‍ നിന്നാണ് മൊബൈല്‍ ടാങ്ക് യൂണിറ്റുകളില്‍ വെള്ളം നിറച്ചിരുന്നത്. എന്നാല്‍, വേനലില്‍ ചിറ്റാർ പുഴ വറ്റിയതോടെ പത്തു കിലോമീറ്റർ അകലെ മണിമലയാറ്റില്‍ വാളക്കയത്ത് നിന്നാണ് ഇപ്പോള്‍ അഗ്നിരക്ഷാസേന വെള്ളം ശേഖരിക്കുന്നത്.

നിലവില്‍ ഒരു മൊബൈല്‍ ടാങ്ക് യൂണിറ്റ്, ഒരു ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍, ഒരു വാട്ടർ മിസ്റ്റ്, ഒരു മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഒരു ജീപ്പ്, ഒരു ബുള്ളറ്റ് എന്നിവ മാത്രമാണ് സേനയ്ക്കുള്ളത്. രണ്ട് മൊബൈല്‍ ടാങ്ക് യൂണിറ്റുകള്‍ ഉണ്ടായിരുന്നതില്‍ ഒന്ന് പാലായിലേക്കു മാറ്റി. ആംബുലൻസ് അറ്റകുറ്റപ്പണികള്‍ കഴിഞ്ഞപ്പോള്‍ ചങ്ങനാശേരിക്കും മാറ്റി. ഇടുങ്ങിയ സ്റ്റേഷനിലെ ചെറിയ ഗാരേജില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ് ഇവ താത്കാലികമായി മറ്റു സ്ഥലങ്ങളിലേക്കു മാറ്റാൻ കാരണമായത്.
34 വർഷമായി
വാടകക്കെട്ടിടത്തില്‍

1990ല്‍ സ്റ്റേഷൻ ആരംഭിച്ച ‍ കാലം മുതല്‍ 34 വർഷമായി ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വേനല്‍ക്കാലത്ത് കുടിക്കാനും കുളിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കു പോലും വെള്ളം ശേഖരിക്കുന്നതിന് അയല്‍പക്കത്തെ കിണറ്റില്‍ നിന്നാണ്. 44 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ ഒരു ഷിഫ്റ്റില്‍ കുറഞ്ഞത് 15 മുതല്‍ 20 ഉദ്യോഗസ്ഥർ വരെയുണ്ടാകും.

‌ആകെ 1500ല്‍ താഴെ മാത്രം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഷനില്‍ ഗാരേജ് കഴിഞ്ഞാല്‍ ഓഫീസും ഒരു വിശ്രമമുറിയും അടുക്കളയും ഒരു സ്റ്റോറും ഒരു ശുചിമുറിയും മാത്രമാണുള്ളത്. ഇടുങ്ങിയ വിശ്രമമുറിയില്‍ പരമാവധി അഞ്ചുപേർക്കു കിടക്കാം. രാത്രിസമയങ്ങളില്‍ ബാക്കിയുള്ളവർ വിശ്രമിക്കുന്നത് അടുക്കളയിലും ഗാരേജിലുമാണ്.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെ അതിർത്തിയില്‍ ചിറക്കടവ് പഞ്ചായത്തില്‍പ്പെട്ട മണ്ണാറക്കയം അമ്ബലം ഭാഗത്തു ഫയർസ്റ്റേഷനായി കണ്ടെത്തിയ സ്ഥലത്ത് പുതിയ സ്റ്റേഷൻ നിർമിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *