കാഞ്ഞിരപ്പള്ളി : നിർമാണം നിലച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസിലെ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങി. മണിമല റോഡിനും ചിറ്റാർപുഴയ്ക്കും സമീപം നിർമിക്കുന്ന തൂണിന്റെ അടിത്തറയുടെ നിർമാണങ്ങൾക്കായി റോഡിന്റെ പകുതിഭാഗം എടുത്ത് നീക്കി. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി മണിമല റോഡ് അടച്ചിരുന്നു.

ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വളവുഭാഗത്തുനിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകെയാണ് മേൽപ്പാലം നിർമിക്കുന്നത്. ആദ്യം കരാർ ഏറ്റെടുത്ത കമ്പനി മേൽപ്പാലത്തിന്റെ ഇരുവശത്തെയും താങ്ങുഭിത്തികളുടെ (അബട്ട്മെന്റ് വാൾ) നിർമാണവും ടൗൺഹാളിന് സമീപത്തെ തൂണിന്റെയും നിർമാണം നേരത്തേ ആരംഭിച്ചിരുന്നു.

പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിർമാണം മുമ്പോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കഴിഞ്ഞ ജൂണിൽ കമ്പനിയെ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് നീക്കുകകൂടി ചെയ്തതോടെ ബൈപ്പാസിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം നിലച്ചു. കഴിഞ്ഞ മാസമാണ് പുതിയ കമ്പനി കരാർ ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതോടെ നിർമാണത്തിന്റെ അവകാശവാദം സംബന്ധിച്ച് എൽ.ഡി.എഫ്., യു.ഡി.എഫ്. ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.


