കൊച്ചി: അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ അഞ്ചു പേര്‍ കൊച്ചിയില്‍ പിടിയിലായി. ഇതര സംസ്ഥാനക്കാരായ അഞ്ചുപേരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടു മോഷ്ടാക്കള്‍ യുപിയില്‍ നിന്നും വിമാനമാര്‍ഗമാണ് എത്തിയത്. മോഷണത്തിന് ഉപയോഗിച്ച ബൈക്കുകള്‍ ട്രെയിന്‍ മാര്‍ഗമാണ് എത്തിച്ചത്. തൃശൂരില്‍ കവര്‍ച്ച നടത്തിയ പ്രതികളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ഇവരുടെ പക്കല്‍ നിന്നും മോഷണ വസ്തുക്കളും പിടിച്ചെടുത്തു. ട്രെയിന്‍ മാര്‍ഗമെത്തിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. തൃശൂരില്‍ ബിഎസ്എന്‍എല്‍ ജംഗ്ഷന്‍ ബോക്‌സില്‍ തൊഴിലാളികള്‍ എന്ന വ്യാജേന കവര്‍ച്ചയ്ക്ക് ശ്രമം നടത്തുന്നു. ഇതു കണ്ട ചിലര്‍ക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ട് ചിതറി ഓടിയവരില്‍ ഒരാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് അന്തര്‍ സംസ്ഥാന മോഷണ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
നിര്‍മ്മാണം നടക്കുന്ന വീടുകള്‍, കോപ്പര്‍ സ്ട്രീപ്പ് ഉപയോഗിക്കുന്ന വന്‍കിട ജനറേറ്ററുകള്‍ തുടങ്ങിയവിടങ്ങളിലാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. പൊലീസിന്റെ അന്വേഷണത്തില്‍ ഇവര്‍ കൊച്ചിയിലുണ്ടെന്ന് വിവരം ലഭിക്കുകയും, തുടര്‍ന്ന് കൊച്ചി പൊലീസിന്റെ സഹായത്തോടെ കവര്‍ച്ചാ സംഘത്തെ കളമളശ്ശേരിയില്‍ നിന്നും വലയിലാക്കുകയുമായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നിര്‍മാണത്തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഇവരുടെ പക്കല്‍ നിന്നും കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കേബിള്‍ കട്ടറുകള്‍, വിവിധ തരം താക്കോലുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

