കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (PC Act) സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിതാവിന് വേണ്ടി വീണ കൈക്കൂലിയോ നിയമവിരുദ്ധമായ പ്രതിഫലമോ കൈപ്പറ്റി എന്നത് ശക്തമായ വാക്കാലുള്ള മൊഴിയാല്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രേഖാമൂലവും, ഡിജിറ്റല്‍ തെളിവുകളും ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം, കൈക്കൂലിപ്പണം വീണ തന്റെ പിതാവിന് വേണ്ടി, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിയമവിരുദ്ധമായി കൈപ്പറ്റിയതാണെന്ന് അനുമാനിക്കാവുന്നതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു

