എരുമേലി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാത്തുനിൽപ്പുകേന്ദ്രത്തിനുള്ളിൽ വെച്ച് വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് നേരെ തെരുവ് നായകളുടെ ക്രൂരമായ ആക്രമണം. തിരുവനന്തപുരം മലയിൻകീഴ് ‘അശ്വതി ഭവനിൽ’ ഐശ്വര്യ (21), സഹോദരൻ അരുൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വെച്ചൂച്ചിറ പോളിടെക്‌നിക്കിൽ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം, നാട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഇരുവർക്കും നേരെ നായകൾ പാഞ്ഞടുത്തത്. ആക്രമണത്തിൽ വിദ്യാർത്ഥികളുടെ കാലുകളിൽ കടിച്ചുവലിച്ച നായകൾ ഇവരെ നിലത്തു വീഴ്ത്തി. കുട്ടികളുടെ നിലവിളി കേട്ടെത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് നായകളെ തുരത്തി ഓടിച്ചത്.

ആക്രമണത്തിൽ ജീൻസ് കീറി, കാലുകളിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ഇരുവരേയും ഉടൻ തന്നെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. എന്നാൽ നായയുടെ കടിയേറ്റാൽ ഉടൻ നൽകേണ്ട രണ്ട് വാക്‌സിനുകളിൽ ഒന്ന് മാത്രമാണ് ആശുപത്രിയിൽ ലഭ്യമായിരുന്നത്. രണ്ടാമത്തെ വാക്‌സിൻ നാട്ടിലെത്തിയുടൻ എടുക്കാമെന്ന് വിദ്യാർത്ഥികൾ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *