എരുമേലി: എരുമേലിയിൽ മൂന്ന് ദോശക്കും രണ്ട് പൊറോട്ടക്കും മൂന്ന് ചായക്കും 430 രൂപ അമിത വില ഈടാക്കിയതായി അയ്യപ്പ ഭക്തൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതോടെ ഉടമ ഹോട്ടൽ പൂട്ടി അടച്ചിട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി വലിയമ്പലത്തിനും പോലിസ് സ്റ്റേഷനും സമീപം ശരവണ ഹോട്ടലിൽ ആണ് സംഭവം. പത്തനംതിട്ട സ്വദേശി ജ്യോതിഷ് നാരായൺ എന്നയാൾ ആണ് ശബരിമല യാത്രയ്ക്കിടെ എരുമേലിയിൽ തനിക്ക് നേരിട്ട ദുരനുഭവമായി അമിത വില ഈടാക്കിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തത്.

ഒരു ചെറിയ തുണ്ട് പേപ്പറിൽ പേന കൊണ്ട് എഴുതിയത് ആണ് 430 രൂപയുടെ ബിൽ ആയി നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ അടക്കം ആണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ബിൽ വാങ്ങി തുക നൽകിയ ഭക്തൻ ഇതിനെതിരെ ചോദ്യം ചെയ്തിരുന്നു. അമ്പത് രൂപ കുറവ് ചെയ്യാമെന്ന് തർക്കത്തിനിടെ ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ ഇരുന്ന ആൾ പറഞ്ഞെങ്കിലും മുഴുവൻ തുകയും നൽകിയ ഭക്തൻ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ആളുകൾ ആണ് വീഡിയോ ദൃശ്യങ്ങൾ കണ്ട് അമിത വില ആണ് ഈടാക്കിയതെന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. ഇതോടെ വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ഇന്നലെ രാവിലെ മുതൽ ഹോട്ടൽ അടച്ചിട്ട നിലയിൽ കണ്ടത്. പാചക വാതക ക്ഷാമം മൂലം കട അടച്ചതാണെന്ന് ഉടമ പറഞ്ഞതായി സമീപത്തെ കച്ചവടക്കാർ പറയുന്നു. തമിഴ്നാട് സ്വദേശി ആണ് കട വാടകയ്ക്ക് എടുത്തു നടത്തുന്നത്.

കടയ്ക്ക് പഞ്ചായത്ത്‌ ലൈസൻസ് ഇല്ലന്ന് ആക്ഷേപമുണ്ട്. അമിത വില സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. കടകളിൽ പഞ്ചായത്ത്‌, പോലീസ്, ഹെൽത്ത് വിഭാഗം എന്നിവയുടെ പരിശോധനകൾ ഇല്ലന്ന് നാട്ടുകാർ പറയുന്നു. പാർക്കിംഗ്, ശുചി മുറി ഉപയോഗം എന്നിവയ്ക്കും അമിത നിരക്ക് ഈടാക്കുന്നതായി ഭക്തർ പറയുന്നു. നിരോധിക്കപ്പെട്ട ഡിസ്പോസിബിൾ പ്ളേറ്റും കപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *