കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍. സ്ഥാപക എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത തുടങ്ങി പന്ത്രണ്ടോളം പേര്‍ പ്രതികളാകുമെന്നാണ് സൂചന.

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ ഡി ഡിജിപിക്ക് നല്‍കിയ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ എസ്‌ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു

സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *