തിരുവനന്തപുരം: നിയമന വിവാദത്തിന് പിന്നാലെ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍. അപേക്ഷകള്‍ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു ഇവരുടെ നിയമനമെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. ഗവേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് രാജി എന്നാണ് വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.
ഷാനിയുടെ നിയമനത്തിനെതിരെ നേരത്തെ സീമാറ്റില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നു.റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് ആവശ്യമായ പ്രധാന യോഗ്യത പിഎച്ച്ഡി ആണെന്നിരിക്കെ, ഷാനി നിലവില്‍ പിഎച്ച്ഡി സ്കോളര്‍ മാത്രമാണെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, വേണ്ടത്ര യോഗ്യത ഉള്ളതുകൊണ്ടാണ് നിയമനം നല്‍കിയതെന്ന നിലപാടിലായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്. അരുണ്‍കുമാര്‍.
യോഗ്യത സംബന്ധിച്ച് സീമാറ്റ് പുറത്തുവിട്ട രേഖകള്ക്കിടെയാണ് നിയമനത്തിലെ ക്രമക്കേടുകള്‍ വ്യക്തമായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബയോഡാറ്റ ചോദിച്ചുവാങ്ങി, പരസ്യം നല്‍കാതെ 12 പേരെ സീമാറ്റില്‍ നിയമിച്ചതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ അഞ്ചുപേര്‍ക്കും അസിസ്റ്റന്റ് പദവിയില്‍ നാലുപേര്‍ക്കും അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്നുപേര്‍ക്കുമാണ് നിയമനം ലഭിച്ചത്. ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്റെ പ്രതികരണം. സീ മാറ്റില്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കളെ ഉള്‍പ്പടെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

