തിരുവനന്തപുരം: സുരക്ഷയ്ക്കായി അകമ്പടി വാഹനം കൂട്ടിയതില്‍ ഡിസിപിയെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിലായി മറ്റൊരു പൊലീസ് വാഹനം കൂടി ഓടിയ പശ്ചാത്തലത്തിലാണ് ഡിസിപിയെ വിളിച്ച് മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയത്. ഔദ്യോഗിക യാത്രക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.

കവടിയാറില്‍ വയോജന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിക്കെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ അകമ്പടി കൂട്ടിയത്. പൈലറ്റ് വാഹനത്തിന് മുന്നില്‍ ഒരു പൊലീസ് ജീപ്പ് കൂടി ഓടിയിരുന്നു. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന ഡിസിപിയെ വിളിച്ച് അകമ്പടി കൂട്ടിയതില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ നടക്കുന്ന വേദികളിലും പരിസരങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കണമെന്നും നിര്‍ദേശിച്ചിരുന്നു

എന്നാല്‍ യാത്രാവേളകളില്‍ എസ്‌കോര്‍ട്ട് പൈലറ്റ് വാഹനങ്ങള്‍ മാത്രം മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, പൊലീസ് ജീപ്പ് ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *