വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പങ്കുവെച്ചതിനെ വിമർശിച്ചയാൾക്ക് തക്ക മറുപടി നൽകി ഷെഫ് പിള്ള. ഇതെല്ലാം മാർക്കറ്റിങ്ങാണെന്ന വിമർശനത്തോടുള്ള ഷെഫ് പിള്ളയുടെ മറുപടി സോഷ്യൽമീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ഉരുൾപൊട്ടൽ കാരണം ദുരിതത്തിലായ ആയിരങ്ങൾക്കാണ് ബത്തേരിയിലെ സഞ്ചാരി റസ്‌റ്ററന്റിൽ ഷെഫ് പിള്ള ഭക്ഷണം ഒരുക്കുന്നത്. രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഉൾപ്പെടെ സൗജന്യമായി ഭക്ഷണം നൽകുന്ന നല്ല മനസിനെ പ്രശംസിക്കുന്നവർ ഏറെയാണ്. ഇത്തരത്തിൽ രക്ഷാപ്രവർത്തകർക്ക് നൽകാൻ ഭക്ഷണം പാചകം ചെയ്യുന്നതിന്റെ റീൽ ഷെഫ് പിള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനുതാഴെയാണ് “മാർക്കറ്റിങ്’ കമൻ്റ് വന്നത്.
‘ഇതുവച്ച് മാർക്കറ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനെല്ലാം അപ്പുറം നൂറു തരത്തിൽ മാർക്കറ്റ് ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്‌ഥലത്തുണ്ടായാൽ ഞങ്ങൾ ഇവിടെ ചെയ്യുന്ന മാതൃകയാക്കി നൂറുകണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും!’ എന്ന് സുരേഷ് പിള്ള കമന്റിന് മറുപടി നൽകി.
ഇതിനെ പിന്തുണച്ച് ഒട്ടേറെപ്പേർ രംഗത്തുവരികയും ചെയ്തു. ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നവരെ ഇങ്ങനെ അനാവശ്യമായി വിമർശിക്കരുതെന്നായിരുന്നു ഏറെപ്പേരുടെയും നിലപാട്.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരും രക്ഷാപ്രവർത്തകരുമടക്കം എണ്ണായിരത്തോളം പേർക്ക് ഇതിനകം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം വിതരണം ചെയ്‌തു കഴിഞ്ഞു. വരുംദിവസങ്ങളിൽ 25000 പേർക്ക് ഭക്ഷണം നൽകുമെന്നും സുരേഷ് പിള്ള ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഒരുപാടുപേർ വിളിച്ച് പണം വേണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
There is no ads to display, Please add some