ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029-ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നീക്കത്തിനെതിരെ ഭരണമുന്നണിയിൽ ഭിന്നത. 2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്ന് ഘടകകക്ഷിയായ കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിപക്ഷമായ ഡിഎംകെയും ഈ നീക്കത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തി. ഇന്ത്യാ ടുഡേ–സി വോട്ടർ സർവേയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനപ്രീതിയിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിൽ മൂന്നാമതായി വിജയ് ഇടംപിടിച്ചതിന് പിന്നാലെയാണ് ടിവികെ നേതാക്കൾ ‘വിജയ് ഫോർ പിഎം’ പ്രചാരണം ശക്തമാക്കിയത്.

വിജയ്‌യുടെ പാർട്ടി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും തൽസ്ഥാനം രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി അംഗീകരിക്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ടിവികെ നേതാക്കൾ ഇപ്പോഴും ‘ഫാൻസ് ക്ലബ്ബ്’ മനോഭാവത്തിലാണ് സംസാരിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. “എല്ലാ അക്കങ്ങളും സത്യം പറയുന്നില്ല; എല്ലാ സർവേകളും ജനങ്ങളുടെ ശബ്ദവുമല്ല” എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *