പൂഞ്ഞാർ: ദേശീയ സേവന പദ്ധതി (NSS) ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ.എസ്.എസ് യൂണിറ്റുകളായ 99, 73 എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന പരിപാടി ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറി.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്ജ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി കെ. സദൻ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് വളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോകൾ’ ആയും കോളേജിലെ വിദ്യാർഥികൾ, ജീവനക്കാർ, സൺറൈസ് ഹോസ്പിറ്റൽ അംഗങ്ങൾ എന്നിവരെ ‘തൂഫാൻ വാരിയേഴ്സ്’ ആയും പ്രഖ്യാപിച്ചു.

ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് കമാൻഡോകൾക്കുള്ള ബാഡ്ജുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, ജനമൈത്രി സബ് ഇൻസ്പെക്ടർ ബിനോയി തോമസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി.

സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഒ പ്രകാശ് മാത്യു, സി.ഒ.ഒ സോനു എസ്. എസ്. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ലഘുഭക്ഷണവും വേദിയും ഒരുക്കി.
എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഗോപിക കെ. എസ്. സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലക്ഷ്മി മിസ്സിന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ക്ലബ് ലഹരിവിരുദ്ധ ഗാനം അവതരിപ്പിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അൽ-സഹീർ എസ്. എസ്., അഖിൽ കെ. എസ്., അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ മാർട്ടിൻ, ജെഫ്സിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാർ, പി.ടി.എ, എക്സാം സെൽ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ പൂർണ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെയും എക്സൈസ് വകുപ്പിന്റെയും മേൽനോട്ടത്തിൽ നടന്ന വാക്കത്തോണിന് നാട്ടുകാരും വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും മികച്ച പിന്തുണ നൽകി. ഐ.എച്ച്.ആർ.ഡി മാനേജ്മെന്റും എൻ.എസ്.എസ് സെല്ലും പരിപാടിക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകി.

