തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ ഉൾപ്പെട്ട മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ച് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവളം സ്പാ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ ബിസിനസുകളിലേക്ക് കടന്നത്. പീഡനം നടന്ന കോവളത്തെ സ്പാ ഇയാളുടെ ബെനാമി സ്ഥാപനമാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ മറ്റ് രണ്ട് സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിന് ശേഷമാണ്.

അറസ്റ്റിലായതിനെത്തുടർന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുരൂപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ സർവീസിൽ നിന്ന് സ്ഥിരമായി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്.


