കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം രാത്രി ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മണിക്കൂറുകളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനാണ് സാധ്യത. അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഞ്ഞ അലേര്‍ട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മഴയാണ് എങ്കിലും തീവ്രത കുറയും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

Leave a Reply

Your email address will not be published. Required fields are marked *