കാഞ്ഞിരപ്പള്ളി: ഇൻഡിപെൻഡന്റ് ദലിത് ഫെഡറേഷൻ (IDF) ആഭിമുഖ്യത്തിൽ കല്ലറ സുകുമാരന്റെ 30-ാം അനുസ്മരണ സമ്മേളനവും റാലിയും കാഞ്ഞിരപ്പള്ളിയിൽ നടന്നു. ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. മണിക്കുട്ടന്റെ അധ്യക്ഷതയിൽ എംപ്ലോയീസ് യൂണിയൻ ഹാളിൽ ചേർന്ന പൊതുസമ്മേളനം ഡി.സി.യു.എഫ് പ്രതിനിധി പ്രഭു രാജതിരുമേനികൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. അമ്മിണി സ്വാഗതം ആശംസിച്ചു.
അഡ്വ. സുനിൽ തേൻമാക്കൽ (ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തി. അൻവർ ഷാ കോനാട്ടുപറമ്പിൽ (കാഞ്ഞിരപ്പള്ളി സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്), ജനകീയ രാജപ്പൻ, പി.കെ. ബിജു മണങ്ങല്ലൂർ, കെ.കെ. പ്രദീപ് കുമാർ ചെമലമറ്റം, കർണ്ണൻ പീരുമേട്, ചെല്ലക്കിളി പീരുമേട്, ജാനകി രാജപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പീരുമേട് തോപ്പുകുളത്ത് നടന്ന ഭൂസമരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ച ഐ.ഡി.എഫിന്റെ പത്ത് അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും സംഘടന മുൻഗണന നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. മണിക്കുട്ടൻ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി, ഭവനരഹിതർക്ക് പാർപ്പിടം, വിവിധ സർക്കാർ പദ്ധതികളിലൂടെ ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിവ അർഹരായവർക്ക് ലഭ്യമാക്കുന്നതിനായി ഐ.ഡി.എഫ് ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സംഘടന ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഐ.ഡി.എഫ് ഒരു സമരസംഘടനയായി രൂപാന്തരപ്പെടുമെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ. മണിക്കുട്ടൻ പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

