തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന 10 സിപിഒമാരില്‍ മൂന്നുപേര്‍ സ്ത്രീകളായിരിക്കും. നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി മാറ്റാന്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ മാറ്റം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ പൊലീസ് സേനയില്‍ മൂന്നിലൊന്ന് വനിതാ ഉദ്യോഗസ്ഥരാകും.

ഡിജിപിയുടെ ശുപാര്‍ശകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ചതായും നിലവില്‍ അവ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായതിനാല്‍, മന്ത്രിസഭ ഉടന്‍ തന്നെ ഈ നിര്‍ദ്ദേശം പരിഗണിച്ചേക്കുമെന്നാണ് സൂചന.

നിലവില്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം മാര്‍ക്ക് ലിസ്റ്റുകള്‍ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സിപിഒ ഒഴിവ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍, ആദ്യത്തെ ഏഴ് ഒഴിവുകള്‍ പുരുഷന്മാര്‍ക്കും തുടര്‍ന്നുള്ള മൂന്ന് ഒഴിവുകള്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കുമായി സംവരണം ചെയ്യപ്പെടും.

സംസ്ഥാന ചരിത്രത്തിലെ വിപ്ലവകരമായ ചുവടുവെപ്പാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പുതിയ നിര്‍ദേശം പൊലീസിനോടുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ‘ജനസംഖ്യയുടെ കുറഞ്ഞത് 50 ശതമാനവും സ്ത്രീകളാണ്. സംസ്ഥാനത്ത് 63 സ്ത്രീകളെ എസ്എച്ച്ഒമാരായി (SHO) നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കത്തെ കാണേണ്ടത്.’ ചെന്നിത്തല ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് (TNIE) പറഞ്ഞു.

നിലവില്‍ പൊലീസ് സേനയില്‍ 9-10 ശതമാനം മാത്രമാണ് സ്ത്രീകളെന്ന് ഐ ജി. (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഇത് 33 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചാല്‍, അത് പൊലീസിന്റെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഹര്‍ഷിത അട്ടല്ലൂരി അഭിപ്രായപ്പെട്ടു.

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍, പോക്‌സോ (POCSO) കേസുകളിലെ അതിജീവിതകള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കുന്നതും വീടുകളിലെ പരിശോധനകള്‍ നടത്തുന്നതും ഉള്‍പ്പെടെ നിരവധി ചുമതലകള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പൊലീസിനെ സമൂഹത്തിന്റെ പ്രതിഫലനമാക്കി മാറ്റുക എന്നതും ഈ ശുപാര്‍ശയിലൂടെ ലക്ഷ്യമിടുന്നതായി ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *