പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരിഹാസവുമായി മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടന്‍മേട് എന്‍എസ്എസ് യൂണിയന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം.

എന്‍എസ്എസ് നിലനില്‍ക്കുന്നത് സുകുമാരന്‍ നായരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ്. അതിനാല്‍ എന്‍എസ്എസിന്റെ പേര് എംഎസ്എസ് (മക്കള്‍ സര്‍വീസ് സൊസൈറ്റി) എന്നാക്കണം. സര്‍വീസില്‍ നിന്നും വിരമിച്ച സുകുമാരന്‍ നായരുടെ മകളെ എന്‍എസ്എസിനു കീഴിലുള്ള സകല കോളജുകളുടേയും ചുമതല നല്‍കി നിയമിച്ചിരിക്കുകയാണ്. പ്രൊഫസറാകാന്‍ യോഗ്യത ഇല്ലാത്ത സുകുമാരന്‍ നായരുടെ മകളാണ് ഇന്ന് എന്‍എസ്എസ് കോളജുകള്‍ ഭരിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനെ സുകുമാരന്‍ നായര്‍ പൊന്നാടയണിചിച്ച് സ്വീകരിച്ചിരുന്നു. അതിനു പിന്നില്‍ സുകുമാരന്‍ നായര്‍ക്ക് വ്യക്തിപരമായ താല്‍പ്പര്യമുണ്ട്. ചെറുമകന്റെ സര്‍ക്കാര്‍ സര്‍വീസിലെ തടസ്സങ്ങള്‍ നീക്കാന്‍ വേണ്ടിയായിരുന്നു ആ സ്വീകരണം. സ്നേഹം ലീഗിന്റെ മന്ത്രിയോട് മാത്രമേ ഉള്ളൂ. മുസ്ലിം സമുദായത്തോടില്ല. ചങ്ങനാശ്ശേരിയിലെ ചന്ദനക്കുടം നിര്‍ത്താന്‍ ഇടപെട്ടത് സുകുമാരന്‍ നായരാണ്. എന്നിട്ടാണ് തനിക്ക് മുസ്ലിം സമുദായത്തോട് സ്നേഹമാണെന്ന് സുകുമാരന്‍ നായര്‍ പറയുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കരയോഗങ്ങള്‍ക്ക് സുകുമാരന്‍ നായര്‍ നിര്‍ദേശം നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയില്‍ നിന്നും ബന്ധുവിനെ പറഞ്ഞ് വിട്ടതിനാണ് ഇങ്ങനെ ചെയ്തത്. മാതാ അമൃതാനന്ദമയിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചയാളാണ് സുകുമാരന്‍ നായര്‍. അമൃതാനന്ദമയിയുടെ കീഴിലുള്ള എഞ്ചിനീയറിങ് കോളജിലാണ് ചെറുമകന്‍ പഠിക്കുന്നത്. കൂടെ നില്‍ക്കുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എന്‍എസ്എസിന്റെ നേതൃസ്ഥാനത്തുള്ളതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഭാര്യക്കും മക്കള്‍ക്കും ജോലി നല്‍കി സുകുമാരന്‍ നായര്‍ ആളുകളെ അടിമകള്‍ ആക്കുകയാണ്. അഭിഭാഷകർ മാത്രമെ ജനറൽ സെക്രട്ടറിയാകാവു എന്നാണ് പ്രചരണം. എന്നാൽ 10 ക്ലാസ് പോലും ജയിക്കാത്തവർക്ക് ആസ്ഥാനത്ത് ഇരിക്കാമെന്ന് തെളിയിച്ചു. ‌‌‌സോ ചീപ്പ് എന്ന് ഗണേഷ് കുമാർ പരിഹസിച്ചു. എന്‍എസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയില്‍ നിന്ന് രക്ഷിക്കണമെന്നും, നക്കാപ്പിച്ച കണ്ട് നായര് വീഴരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയനും പത്തനാപുരം എൻഎസ്എസ് യൂണിയനും രാത്രിയുടെ മറവിൽ പിരിച്ചുവിട്ടത് എന്ന് വ്യക്തമാക്കാൻ സമുദായ നേതൃത്വം തയ്യാറാകണമെന്നും കെബി ​ഗണേഷ് കുമാർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *