തൃശൂർ: പുതുക്കാടിനടുത്ത് ആമ്പല്ലൂരിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം അവിചാരിതമായ ഒരു റോഡപകടമല്ലെന്നും, ജീപ്പിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്നും കുടുംബത്തിന്റെ പരാതി. അപകടം സൃഷ്ടിച്ച ശേഷം പരിക്കേറ്റ വിദ്യാർഥികളെ തിരിഞ്ഞുനോക്കാതെ റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരിക്കേറ്റവരുടെ മാതാവ് രംഗത്തെത്തി. സംഭവത്തിന്റെ നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു
പുതുക്കാട് കല്ലൂർ സ്വദേശിയായ പ്രസന്ന ഷാജുവാണ് നീതി ആവശ്യപ്പെട്ട് അഡീഷണൽ ഡിജിപിക്ക് പരാതി നൽകിയത്. പ്രസന്നയുടെ ആൺമക്കളായ അഭിഷേക്, അമൽ, ഇവരുടെ സുഹൃത്ത് വിഷ്ണു എന്നിവർ സഞ്ചരിച്ച മോട്ടോർ സൈക്കിളിലേക്കാണ് പൊലീസ് ജീപ്പ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേക് ആശുപത്രിയിൽ ചികിത്സയിലാണ്. അമലും വിഷ്ണുവും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. മകന്റെ മൊബൈൽ ഫോണിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോ ദൃശ്യങ്ങളിൽ പൊലീസ് ജീപ്പ് പിന്നിൽനിന്ന് പിന്തുടർന്ന് മനഃപൂർവം ബൈക്കിലേക്ക് ഇടിച്ചുകയറ്റുന്നത് വ്യക്തമായി കാണാമെന്ന് മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂലൈ 19-നാണ് വിവാദമായ കേസിനാസ്പദമായ സംഭവം നടന്നത്. ആമ്പല്ലൂരിലെ റോഡരികിലുള്ള തട്ടുകടയിൽ തർക്കവും സംഘർഷവും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും സംഘർഷത്തിൽ ഉൾപ്പെട്ടവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് സംശയകരമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച യുവാക്കളെ കണ്ട ഉദ്യോഗസ്ഥർ ജീപ്പിൽ ഇവരെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ചേസിങ്ങിനിടെ പൊലീസ് വാഹനം ബൈക്കിൽ ശക്തമായി ഇടിക്കുകയും മൂവരും തെറിച്ചുവീഴുകയുമായിരുന്നു.

