ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പുറത്ത്. കൊലപാതകത്തിന് തൊട്ടുമുൻപ് ശിവൻകുട്ടി അതിക്രൂരമായ ശാരീരിക മർദ്ദനങ്ങൾക്ക് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. തലയ്ക്ക് ശക്തമായി അടിയേറ്റതിനെ തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായി. ഇതിനുപിന്നാലെ അബോധാവസ്ഥയിലായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. താടിയെല്ലിന് മുകളിലായി ആഴത്തിലുള്ള നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്

ശിവൻകുട്ടിയുടെ പേരക്കുട്ടിയായ പതിമൂന്നുകാരി തന്നെയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി (എസ്.പി) ടി.കെ. വിഷ്ണു പ്രദീപ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഐഫോണും ബൈക്കുകളും വാങ്ങാനും പണം സമ്പാദിക്കാനുമായി വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരാൻ പെൺകുട്ടിയാണ് കൃത്യമായ പദ്ധതി തയ്യാറാക്കിയത്. ഇതിനായി കൊല്ലത്തുനിന്ന് തന്റെ കാമുകനെയും സുഹൃത്തിനെയും പെൺകുട്ടി കരുവാറ്റയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഓഗസ്റ്റ് 15-ന് വൈകുന്നേരമാണ് കൊല്ലത്തുനിന്ന് ട്രെയിൻ മാർഗ്ഗം പതിനാറും പതിനേഴും വയസ്സുള്ള പ്രതികൾ കരുവാറ്റയിലെത്തിയത്. രാത്രി വീടിന്റെ ശുചിമുറിയിലെ വെന്റിലേറ്ററിലൂടെ ഇവർ അകത്തുകടക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ശിവൻകുട്ടിയുമായി മൽപ്പിടിത്തമുണ്ടാവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്ന പതിമൂന്നുകാരിക്ക്, കാമുകൻ വീഡിയോ കോളിലൂടെ കൊലപാതക ദൃശ്യങ്ങൾ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *