തിരുവനന്തപുരം : പൊലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണം. അതേസമയം കുറ്റകൃത്യം ചെയ്താൽ പോലീസ് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണം. പരാതി നൽകാൻ എത്തുന്നയാൾക്ക് ഇവിടെ നിന്ന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദമായ പോലീസ് സങ്കൽപ്പമാണ് ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് പോലീസിനെയും സജ്ജമാക്കണം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രൊഫഷണലും കാര്യക്ഷമവുമായ പോലീസ് സേനയെ സൃഷ്ടിക്കണം. അതോടൊപ്പം ജനങ്ങളോട് സൗഹൃദപരമായി ഇടപെടുന്ന പോലീസ് സംവിധാനവും ഉണ്ടാകണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് കൈവരിക്കാൻ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

