പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.
വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല.
പിഴയിട്ട കാര്യം സാമൂഹിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചു, തുടങ്ങിയവ ആരോപിച്ച് ബിജുവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. അടുത്ത ദിവസം ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയപ്പോൾ പിഴ 250 രൂപയാക്കി കുറച്ചു.

