സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജ് വരെ, ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുക. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കി.

ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകള്‍, ജനങ്ങളോടുള്ള ഇടപെടല്‍ എന്നിവ സംബന്ധിച്ച് രോഗികളില്‍ നിന്നും കൂട്ടിരിപ്പുകാരില്‍ നിന്നും നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പരിശീലനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനകം പരിശീലനം കര്‍ശനമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗി പരിചരണം, പബ്ലിക് റിലേഷന്‍സ്, പ്രൊഫഷണല്‍ എത്തിക്‌സ്, പരാതി പരിഹാരം എന്നിവയിലാണ് പരിശീലനം നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കാത്തവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം 10 പേരടങ്ങുന്ന ബാച്ചുകളായാണ് 10 ദിവസത്തെ പരിശീലനം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *