സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ കൺസഷന്റെ (യാത്രാ ആനുകൂല്യം) സമയം രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണെന്ന് കണ്ണൂർ ജില്ലാ സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയോഗം വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ യാത്രാപാസ് കൈവശമുള്ള എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായും കൺസഷൻ അനുവദിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകും.
വെള്ളിയാഴ്ച കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം. വൈകിട്ട് ആറ് മണിക്ക് ശേഷം ചില ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നില്ല എന്ന വിഷയം യോഗത്തിൽ പങ്കെടുത്ത വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികൾ ഉന്നയിച്ചിരുന്നു.
വൈകിട്ട് 6 ന് ശേഷമുള്ള കൺസഷൻ നിഷേധിക്കലിന് കാരണമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ വിചിത്രമായ ന്യായീകരണമാണ് യോഗത്തിൽ നിരത്തിയത്. ബസുകളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന കണ്ടക്ടർമാർക്ക് നിലവിലുള്ള കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലാത്തതാകാം പ്രശ്നമെന്നും, അതിനാൽ ജീവനക്കാർക്കിടയിൽ ഇത് സംബന്ധിച്ച് പ്രത്യേക അവബോധം നടത്താമെന്നും ബസ് ഉടമകളുടെ പ്രതിനിധികൾ അറിയിച്ചു.
ജില്ലയിലെ ചില പ്രധാന ബസ് സ്റ്റോപ്പുകളിൽ വിദ്യാർഥികളെ കയറ്റാതെ ബസുകൾ സർവീസ് നടത്തുന്നതായും യോഗത്തിൽ പരാതി ഉയർന്നു

