പശ്ചിമഘട്ട മലനിരകൾ ഒരിക്കൽ കൂടി അപൂർവമായ നീല വസന്തത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ (Strobilanthes kunthiana) ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിന്റെ മലനിരകളെ നീലക്കടലാക്കി മാറ്റുന്നത്.
2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെ മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം പൂർണ ഭംഗിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞി വസന്തം വിരിയുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ മേഖലകളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ ചെറിയ തോതിൽ പൂത്തുതുടങ്ങിയിട്ടുണ്ട്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന പ്രദേശം പരിസ്ഥിതിലോലമായ ചൊക്രമുടി മലനിരകളാണ്.
മുൻ വർഷങ്ങളിൽ അനധികൃത കൈയേറ്റങ്ങൾ മൂലം നാശം നേരിട്ട പ്രദേശത്ത് സർക്കാർ നടപടികളിലൂടെ ഭൂമി തിരിച്ചുപിടിച്ചതിന് പിന്നാലെ പ്രകൃതി വീണ്ടും അതിന്റെ സ്വാഭാവിക ഭംഗിയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയായാണ് കുറിഞ്ഞിപ്പൂക്കളുടെ വരവ് വിലയിരുത്തപ്പെടുന്നത്.
ചൊക്രമുടിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന മുതുവാൻ ആദിവാസി സമൂഹത്തിനും ഇത് ഏറെ പ്രാധാന്യമുള്ള നിമിഷമാണ്. തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രകൃതി സമ്പത്ത് വീണ്ടെടുക്കുന്നതിന്റെ സന്തോഷവും അഭിമാനവും കൂടിയാണ് ഈ കുറിഞ്ഞിപ്പൂക്കാലം സമ്മാനിക്കുന്നത്.

